“കാന്താരി മുളകിന്റെ എരിവ് ഇപ്പോള്‍ വിപണിവിലയിലും. ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്‌ക്ക് 600 മുതല്‍ 800 രൂപ വരെയാണ് വില. ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ആവശ്യക്കാരുണ്ടെങ്കിലും വിപണിയിലെത്തുന്ന അളവ് ആവശ്യത്തിന് തികയുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കാന്താരി മുളക് വിപണിയിലെത്തുന്നത്. എന്നാല്‍ ഇവയ്‌ക്ക് നാടന്‍ കാന്താരിയുടെ ഗുണനിലവാരമില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.
നാടന്‍ വിഭവമായ കപ്പ ഹോട്ടലുകളുടെ മെനുവില്‍ ഇടംപിടിച്ചതോടെ കാന്താരിച്ചമ്മന്തിക്കും താരപദവിയാണ്. കപ്പയും കാന്താരിച്ചമ്മന്തിയും തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ മുളകിന്റെ ആവശ്യവും വര്‍ധിച്ചു. വില കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ കാന്താരി കൃഷി വ്യാപകമാകുന്നില്ലെന്നതാണ് വിരോധാഭാസം. പല കര്‍ഷകരും ഇഞ്ചി ഉള്‍പ്പെടെയുള്ള വിളകള്‍ക്കൊപ്പം ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിലയിലെ ചാഞ്ചാട്ടവും കാന്താരി തൈകളുടെ ലഭ്യതക്കുറവുമാണ് കൂടുതല്‍ കര്‍ഷകരെ ഈ കൃഷിയിലേക്ക് ആകര്‍ഷിക്കാത്തത്.”


Views Today : 8
Total views : 44001