മനുഷ്യ ജീവന് വിലകല്‍പിക്കാത്ത ഭരണാധികാരികള്‍ക്കെതിരായ ജനവിധിയാണ് ഇസ്രയേലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായത്. യുദ്ധക്കുറ്റവാളിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന സാഹചര്യമാണ് ഇസ്രയേല്‍ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമെങ്കില്‍, യുദ്ധക്കൊതിയനും കടുത്ത ഇസ്‌ലാമോഫോബുമായ ഡൊണാള്‍ഡ് ട്രംപിനേറ്റ ദയനീയ തിരിച്ചടിയാണ് അമേരിക്കയില്‍ കണ്ടത്. ജനപ്രതിനിധി സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് മറികടന്ന് 228-ലെത്തിയ ഡെമോക്രാറ്റുകള്‍, നൂറംഗങ്ങളുള്ള ഉപരിസഭയായ സെനറ്റിന്റെ നിയന്ത്രണവും പിടിച്ചെടുത്തു. 27 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയും ലഭിച്ചതോടെ ഗംഭീരമായ തിരിച്ചുവരവാണ് പാര്‍ട്ടി നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പല്ലാത്തതിനാല്‍ ട്രംപിന് അധികാരം നഷ്ടപ്പെടില്ലെങ്കിലും യു.എസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഏകപക്ഷീയമായി തന്റെ നയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ട്രംപിന് ഇനി കഴിയില്ല. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വരാനിരിക്കുന്ന തിരിച്ചടിയുടെ സൂചനയായും ഈ ഫലത്തെ കാണാം.
എന്നാല്‍, വോട്ടെടുപ്പ് ഫലം വെറും ഡെമോക്രാറ്റുകളുടെ വിജയമല്ല. ട്രംപിന്റെ ഭരണത്തിന് അമേരിക്കന്‍ വോട്ടര്‍മാര്‍ നല്‍കിയ ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പാണിത്. അധികാരത്തിന്റെ അമിത കേന്ദ്രീകരണവും അഴിമതി ആരോപണങ്ങളും ഇറാന്‍ യുദ്ധത്തോടുള്ള എതിര്‍പ്പും വിലക്കയറ്റം, ഭക്ഷണം, ഭവനച്ചെലവ്, ദൈനംദിന ജീവിതച്ചെലവ് എന്നിവയില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയുമൊക്കെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ട്രംപിന്റെ അധികാരത്തിന് കോണ്‍ഗ്രസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നു. ‘റോയിട്ടേഴ്‌സ്’ വോട്ടര്‍ സര്‍വേയില്‍ 70% പേര്‍ കോണ്‍ഗ്രസ് കൂടുതല്‍ നിയന്ത്രണാധികാരം പ്രയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ ട്രംപിന്റെ ഏകപക്ഷീയ നിയമനിര്‍മാണ അജണ്ടകള്‍ക്ക് ഡെമോക്രാറ്റുകള്‍ക്ക് തടയിടാന്‍ കഴിയും. സെനറ്റിന്റെ നിയന്ത്രണം കൂടി ലഭിക്കുന്നതിനാല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ വലിയ സ്വാധീനം ചെലുത്താം. ഇതോടൊപ്പം, ട്രംപ് ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് അന്വേഷണങ്ങളുമുണ്ടാകും.
ട്രംപും കൂട്ടരും നടത്തിയ കടുത്ത ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ജനവികാരം. സോമാലിയന്‍ വംശജയായ മിനസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റ് അംഗം ഇല്‍ഹാന്‍ ഉമറിനെയും, സെനറ്റിലേക്ക് മിഷിഗണില്‍നിന്ന് മല്‍സരിച്ച അബ്ദൂല്‍ അല്‍ സയ്യിദിനെയും അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ വ്യക്തിപരമായി കടന്നാക്രമിക്കുകയുണ്ടായി ട്രംപ്. ഇല്‍ഹാന്‍ ഉമറിനെ അമേരിക്കയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് വരെ തുടക്കമിട്ടു. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ട്രംപ് നേരിട്ട് മിഷിഗണിലെത്തി അല്‍ സയ്യിദിന്റെ മതവും വംശീയ പശ്ചാത്തലവും മുന്‍നിര്‍ത്തി കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഏറ്റവും നിര്‍ണായകമായ ഒരു സ്വിങ് സ്റ്റേറ്റില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ത്തിയിട്ടും വോട്ടര്‍മാര്‍ അതിനെ തള്ളിക്കളഞ്ഞു.
മിഷിഗണിലെ അറബ്-അമേരിക്കന്‍, മുസ്‌ലിം വോട്ടര്‍മാര്‍ മാത്രമല്ല, ജൂതന്മാരും നഗരപ്രാന്തങ്ങളിലെ മിതവാദികളായ വോട്ടര്‍മാരും മതപരമായ ധ്രുവീകരണ ശ്രമങ്ങളെ എതിര്‍ത്ത് അല്‍ സയ്യിദിനൊപ്പം നിന്നപ്പോള്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം ജനപ്രതിനിധിയെന്ന റെക്കോര്‍ഡിനുടമായി അദ്ദേഹം. ഇല്‍ഹാന്‍ ഉമര്‍ അഞ്ചാം തവണയാണ് സീറ്റ് നിലനിര്‍ത്തിയത്.
ട്രംപിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാതെ, ജനങ്ങളുടെ ജീവിതച്ചെലവ്, ആരോഗ്യം, തൊഴില്‍ തുടങ്ങിയ കാതലായ വിഷയങ്ങളില്‍ ഊന്നിയാണ് മുന്‍ പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായ അല്‍ സയ്യിദ് പ്രചാരണം നടത്തിയത്. ‘എന്റെ പേരോ വിശ്വാസമോ അല്ല നിങ്ങളുടെ ജീവിതച്ചെലവ് കൂടാന്‍ കാരണം’ എന്ന അദ്ദേഹത്തിന്റെ കാമ്പയിന്‍ മുദ്രാവാക്യം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി. വിദ്വേഷ രാഷ്ട്രീയത്തിന് അമേരിക്കന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ട്രംപിനേറ്റ തിരിച്ചടി. ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനി മേയറാകുന്നതിനെതിരെയും വിദ്വേഷ പ്രസ്താവനയുമായി ട്രംപ് രംഗത്തുണ്ടായിരുന്നല്ലോ. അമേരിക്ക മാത്രമല്ല, സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെയും വോട്ട് ചോരിയുടെയും കെടുതികളില്‍നിന്ന് ഇന്ത്യയും മോചിതമാകുന്ന നാളുകളാണ് ജനാധിപത്യവാദികളും മനുഷ്യസ്‌നേഹികളും സ്വപ്‌നം കാണുന്നത്. l


Views Today : 9
Total views : 44002