10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വെട്ടുകാട് ദേവാലയ തിരുനാൾ: ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കും: മന്ത്രി സി പി ജോൺ


തിരുവനന്തപുരം:
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലും തീരദേശ മേഖലകളിലും ലഹരി പരിശോധനയും എക്സൈസ് നിരീക്ഷണവും കർശനമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർദ്ദേശം നൽകി. വെട്ടുകാട് മരിയൻ ഹാളിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി നൽകിയത്.
നഗരങ്ങളിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കളുടെയും നിരോധിത പാന്‍മസാലകളുടെയും ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഷാഡോ ടീമുകളെയും സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും രംഗത്തിറക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസിനെയും മഫ്തി പോലീസിനെയും വിന്യസിക്കും.
പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾ ലഭിച്ചവരുടെ പഴയ വീടുകൾ പൊളിച്ചുനീക്കുന്ന നടപടികൾ ഊർജിതമാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. ഫ്ലാറ്റുകൾ ലഭിച്ചിട്ടും പഴയ വീടുകൾ പൊളിച്ചുമാറ്റാത്തതുമൂലം അവിടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നത് തടയുക ലക്ഷ്യമിട്ടാണിത്. ഇത്തരം വീടുകൾ കണ്ടെത്തി അടിയന്തരമായി പൊളിച്ചുനീക്കാൻ ഫിഷറിസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാർക്കിംഗ് സ്ഥലങ്ങളും പള്ളിയുടെ സഹായത്തോടെ വീടുകളിൽ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. തിരുനാളിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേകമായി 25 സർവീസുകൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ അധിക സർവീസുകളും ഏർപ്പെടുത്തും. കൂടാതെ വെട്ടുകാട് പള്ളിയുടെ സമീപ പ്രദേശങ്ങളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും അതത് വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താത്ക്കാലിക ഭക്ഷണശാലകളിലും സ്റ്റാളുകളിലും പരിശോധനകൾ കർശനമാക്കും. കൃത്രിമ നിറങ്ങളും ഉപയോഗിച്ച എണ്ണയും വീണ്ടും ഉപയോഗിക്കുന്നത് തടയാൻ മുൻകൂട്ടി ബോധവൽക്കരണം നൽകുകയും പ്രദേശത്ത് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കുകയും ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുടിവെള്ള പരിശോധനയും കൊതുകിന്റെ ഉറവിട നശീകരണവും ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമായിരിക്കും.
തീരദേശ മേഖലകളിൽ രാത്രി വൈകിയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് ശക്തമാക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. രാത്രി 11 മണിക്ക് ശേഷം ബീച്ചിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആളുകൾ ഇറങ്ങുന്നതിന് പൊതുവായ നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി എല്ലാ വകുപ്പുകളും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് യോഗം ഓർമ്മിപ്പിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ അഞ്ജു കെ.എസ്., സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ, ശംഖുമുഖം എ സി പി സജിമോൻ, ഇടവക വികാരി ഫാ. ഷാജു വില്യം, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ക്രിസ്തു ദാസ്, സെക്രട്ടറി തോമസ് മാർഷൽ, ജനറൽ ക്യാപ്റ്റൻ ജയ്സൺ ആന്റണി, കോഡിനേറ്റർ അനിൽ ഹിലാരി തുടങ്ങിയവർ സംബന്ധിച്ചു.

*ഡെയ്ലി ന്യൂസ് കേരള തിരുവനന്തപുരം ബ്യൂറോ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles