9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; സ്കൂളിലെ ലഹരി വിവരം നൽകിയതിന് പ്രതികാരമെന്ന് സംശയം

പെരിന്തൽമണ്ണ: സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകർക്ക് വിവരം നൽകിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. പെരിന്തൽമണ്ണ ആനമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.

പാലൊളിപറമ്പിലെ മാതാവിന്റെ വീട്ടിൽനിന്ന് സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ വിദ്യാർത്ഥി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമറ്റ് ധരിച്ചെത്തിയതിനാൽ ആക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. രക്ഷിതാക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

സ്കൂളിൽ ചില വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥി ഇക്കാര്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം നൽകിയതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടായതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. ലഹരി വിവരം നൽകിയതിലുള്ള വിരോധമാണോ ആക്രമണത്തിന് പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിലെത്തി പരിശോധന നടത്തി. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നുണ്ടോയെന്നും ഇതിന് പിന്നിൽ പുറത്തുനിന്നുള്ള സംഘങ്ങൾക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനും കാരണം വ്യക്തമാക്കുന്നതിനും പൊലീസ് അന്വേഷണം തുടരുകയാണ്. സ്കൂൾ പരിസരങ്ങളിലും വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴികളിലും സുരക്ഷ ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ലഹരി വിവരങ്ങൾ അറിയിക്കുന്ന കുട്ടികൾക്ക് ഭീഷണിയോ ആക്രമണമോ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുതെന്നും കുറ്റക്കാർക്കെതിരെയും ലഹരി എത്തിക്കുന്ന സംഘങ്ങൾക്കെതിരെയും കർശന നടപടി വേണമെന്നും ആവശ്യം ശക്തമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles