പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ച് ഇറാൻ. യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ ദൂരം കണക്കിലെടുത്താണ് മിസൈലുകളുടെ പരിധി കൂട്ടിയതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഇറാൻ തീരത്തുനിന്ന് യുഎസ് സൈന്യം താവളമടിച്ചിരിക്കുന്ന മേഖലകളിലേക്ക് ഏകദേശം 1,000 കിലോമീറ്റർ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് മിസൈൽ ശേഷി വർധിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണം.
അതിനിടെ, അമേരിക്കയുമായുള്ള സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്‌ചി വ്യക്തമാക്കി. ബോംബാക്രമണങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനാകില്ലെന്നും, അമേരിക്ക വീണ്ടും സൈനിക നടപടികളിലേക്ക് നീങ്ങിയാൽ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും അറഗ്ചി വ്യക്തമാക്കി. ഇതിനിടെ ഹോർമുസിൽ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം നടന്നതായും കപ്പലിന്റെ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം.
അതേസമയം, യെമനിലും സംഘർഷം തുടരുകയാണ്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈനിക നടപടികൾ ആരംഭിച്ചതായി യെമൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലീമി അറിയിച്ചു. ഹൂതി കേന്ദ്രങ്ങൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയതായി യെമനിലെ സഖ്യസേനയും അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ വിവിധ മേഖലകളിൽ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ ഇറാൻ്റെ പുതിയ മിസൈൽ നീക്കവും ഹോർമുസ് സംബന്ധിച്ച കടുത്ത നിലപാടും മേഖലയിൽ ആശങ്ക വർധിപ്പിക്കുകയാണ്.


Views Today : 21
Total views : 44014