സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്ന മലപ്പുറം ജില്ലയിൽ നടക്കുന്ന ആകെ പ്രസവങ്ങളിൽ 80 ശതമാനത്തിലധികവും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സൗജന്യ മാതൃശിശു പരിചരണ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും, ജില്ലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രസവത്തിനായി സ്വകാര്യ മേഖലയെയാണ് തിരഞ്ഞെടുക്കുന്നത്.
അതേസമയം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിലെ ആകെ പ്രസവങ്ങളുടെ എണ്ണത്തിലും രണ്ടു മേഖലകളിലെയും പ്രസവ നിരക്കുകളിലും പ്രകടമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
2021 മുതൽ 2025 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രസവ ശുശ്രൂഷാരംഗത്ത് സ്വകാര്യ മേഖലയ്ക്കുള്ള ആധിപത്യം വ്യക്തമാണ്. 2021-22ൽ നടന്ന 87,000-ത്തോളം പ്രസവങ്ങളിൽ 70,835 എണ്ണവും സ്വകാര്യ ആശുപത്രികളിലായിരുന്നു. സർക്കാർ മേഖലയിലിത് 16,221 മാത്രമായിരുന്നു.
2022-23ൽ സ്വകാര്യ ആശുപത്രികളിൽ 71,716 പ്രസവങ്ങളും സർക്കാർ മേഖലയിൽ 17,236 പ്രസവങ്ങളും നടന്നു. 2023-24ൽ ഇത് യഥാക്രമം 63,771, 13,749 എന്നിങ്ങനെയായിരുന്നു. 2024-25ൽ രേഖപ്പെടുത്തിയ 68,500-ഓളം പ്രസവങ്ങളിൽ 57,902 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്; 10,671 എണ്ണം മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്.
രോഗികളുടെ അമിത തിരക്ക് ഒഴിവാക്കാനും വ്യക്തിഗത പരിചരണം ഉറപ്പാക്കാനുമാണ് ജനങ്ങൾ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ സിസേറിയൻ നിരക്ക് 50 ശതമാനത്തിനും മുകളിലേക്ക് ഉയരുകയും അനാവശ്യ ശസ്ത്രക്രിയകൾ വലിയ ചർച്ചയാവുകയും ചെയ്യുമ്പോൾ, മലപ്പുറം ജില്ലയിലെ കുറഞ്ഞ സിസേറിയൻ നിരക്ക് ശ്രദ്ധേയമാണ്. സംസ്ഥാന ശരാശരി 45 ശതമാനത്തോട് അടുത്ത് നിൽക്കുമ്പോൾ മലപ്പുറത്ത് സിസേറിയൻ നിരക്ക് 35 ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിഞ്ഞത് വലിയ നേട്ടമായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


Views Today : 17
Total views : 44010