തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നേരത്തെ നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരമാണ് ഇപ്പോൾ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
കണ്ണൂർ ഉൾപ്പെടെ വടക്കൻ കേരളത്തിലെ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കള്ളക്കടൽ ജാഗ്രത
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയുള്ള തീരപ്രദേശങ്ങളിലും കടലാക്രമണ സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും നാളെ രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.


Views Today : 20
Total views : 44013