കോഴിക്കോട് | ചിങ്ങം ഒന്ന്. വീട്ടുമുറ്റത്ത് ഇന്നലെ മുതൽ പൂക്കളങ്ങൾ വിരിഞ്ഞു തുടങ്ങി. നാട്ടിലെങ്ങും പൂവിളികൾ ഉയർന്നുകഴിഞ്ഞു. അതിനൊപ്പം ഓണവിപണിയും സജീവമായി. ഇത്തവണ മഴ ചതിച്ചതോടെ പൂക്കളുടെ വില ഒരൽപം കൂടിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഏറ്റവുമധികം പൂവന്നിരുന്ന ഗുണ്ടൽപേട്ട് പ്രദേശത്ത് മഴ കിട്ടാത്തതിനാൽ പൂക്കൃഷി സജീവമായിരുന്നില്ല. അരളിയാണ് ഇത്തവണ പൂവിപണിയിലെ വിലയേറിയ താരം. കിലോയ്ക്ക് ശരാശരി 600 രൂപ വരെ വില. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലികളും വിലയിൽ പിന്നിലല്ല. ഓറഞ്ചിന് 80 രൂപ വരെയും മഞ്ഞയ്ക്ക് 100 മുതൽ 160 വരെയുമാണ് ശരാശരി വില. ജമന്തിക്ക് 200 മുതൽ 400 രൂപ വരെ വിലയുണ്ട്. വാടാമല്ലിക്ക് ശരാശരി 160 രൂപയും പനിനീരിന് 200 മുതൽ 400 വരെയും വിലയുണ്ട്.
ചിക്ക്ബെല്ലപൂരിൽ നിന്നാണ് ഇത്തവണ ഏറ്റവുമധികം പൂക്കൾ കോഴിക്കോട്ടേക്ക് എത്തുന്നതെന്ന് മാരിയമ്മൻകോവിലിനു സമീപം പൂക്കച്ചവടം നടത്തുന്ന ഒറ്റപ്പാലം സ്വദേശി മണികണ്ഠൻ പറഞ്ഞു. കഴിഞ്ഞ 18 വർഷമായി പൂക്കച്ചവടവുമായി മണികണ്ഠൻ കോഴിക്കോട്ടുണ്ട്. ബെംഗളൂരുവിന് അപ്പുറത്തുള്ള ചിക്ക്ബെല്ലപൂർ ഗ്രാമത്തിൽ കർഷകർ പൂക്കൃഷിയാണ് വ്യാപകമായി നടത്തുന്നത്. ഓണക്കാലം എത്തുന്നതോടെ പൂക്കച്ചവടക്കാർ ഗ്രാമീണരെത്തേടി ഒഴുകി എത്തുകയാണ്. ഇവിടെനിന്നുള്ള പൂക്കളാണ് ബെംഗളൂരു കെആർ മാർക്കറ്റിലും എത്തുന്നതെന്ന് മണികണ്ഠൻ പറഞ്ഞു.
കർണാടകയിൽ നിന്നുള്ള പൂക്കൾക്കൊപ്പം നാടൻപൂക്കളും ഇത്തവണ സജീവമാണ്. കുടുംബശ്രീ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആകെ 9.35 ഏക്കറിൽ പൂക്കൃഷിയിറക്കിയിട്ടുണ്ട്. പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനിലുമായി 322 വാർഡുകളിലാണ് പൂക്കൃഷി ഇറക്കിയത്. 500 മുതൽ 1500 രൂപ വരെയുള്ള റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിലുണ്ട്.


Views Today : 21
Total views : 44014