മേവാത്ത്(യുപി): രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ ഹരിയാനയിലെ മേവാത്തില്‍ ചേര്‍ന്ന ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. പ്രസിഡന്റ് മൗലാന മഹ്മൂദ് അസദ് മദനിയുടെ അധ്യക്ഷതയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രമുഖ ഉലമാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പള്ളികളും ഈദ്ഗാഹുകളും വെറും കെട്ടിടങ്ങളല്ല, മറിച്ച് മുസ്‌ലിംകളുടെ വിശ്വാസത്തിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. വാരണാസി, മഥുര എന്നിവയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ സംഭലിലെ ചരിത്രപ്രസിദ്ധമായ ഷാഹി ജമാ മസ്ജിദില്‍ ഏകപക്ഷീയമായി സര്‍വേ നടത്താന്‍ കീഴ്ക്കോടതി ഉത്തരവിട്ടത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തതായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പൊളിക്കരുത്: കൃത്യമായ നിയമനടപടികള്‍ പാലിക്കാതെയും ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെയും മുനിസിപ്പല്‍-റവന്യൂ അധികൃതര്‍ പള്ളികള്‍ പൊളിച്ചുനീക്കുന്നത് തടയണം. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പള്ളികളുടെ ഭൂമി സംബന്ധിച്ച രേഖകള്‍ ആറുമാസത്തിനകം പരിശോധിച്ച് കുറ്റമറ്റതാക്കാന്‍ എല്ലാ ഘടകങ്ങള്‍ക്കും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി.


Views Today : 8
Total views : 44001