നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. 30 മുതൽ ദില്ലിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്ത് നൽകി.
റാലി മാറ്റണമെന്ന ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രീസിൻ്റെ കത്ത് തള്ളിയാണ് കോൺഗ്രസിന്റെ തീരുമാനം. റാലിയിൽ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 30-ലെ പ്രതീകാത്മക വിചാരണയിൽ മുൻ ജഡ്ജിമാരെയടക്കം പങ്കെടുപ്പിക്കും. ശൈത്യകാല സമ്മേളനത്തിലും ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകും.
പ്രതിപക്ഷത്തിന്റെ മഹാറാലി പ്രഖ്യാപനം സിഖ് വിഭാഗക്കാർക്ക് എതിരെന്ന വിമർശനം ബിജെപി ശക്തമാക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സിഖ് കലാപത്തിന്റെ വാർഷിക ദിനത്തിൽ മഹാറാലി പ്രഖ്യാപിച്ച കോൺഗ്രസ് മുറിവിൽ ഉപ്പ് തേക്കുകയാണെന്ന വിമർശനമാണ് ബിജെപി ഉയർത്തിയത്. പ്രതിപക്ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമരം തുടങ്ങാനിരിക്കേയാണ് സിഖ് വികാരം ഉണർത്തി വിമർശനം കടുപ്പിക്കാനുള്ള ബിജെപി ശ്രമം.
എന്നാൽ വിമർശനങ്ങൾ തള്ളി മഹാറാലിയുമായി മുന്നോട്ട് എന്ന നിലപാടിൽ തന്നെയാണ് പ്രതിപക്ഷം. പ്രതിപക്ഷ ഐക്യം ശക്തമാണെന്ന സന്ദേശം നൽകാൻ റാലി ഒരു ശക്തിപ്രകടനമാക്കി മാറ്റാനാണ് നീക്കം. രാജ്യം വിട്ട രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ തുടർ സമര പരിപാടികൾ സംബന്ധിച്ച് പുതിയ തീരുമാനങ്ങളും ഉണ്ടാകും. ഗ്യാനേഷ്കുമാറിന്റെ പ്രതീകാത്മക ഇംപീച്ച്മെന്റ് ദില്ലിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പരസ്യമായി നഗരത്തിലുള്ള പ്രതിഷേധങ്ങൾ ഉത്സവകാല കച്ചവടത്തെ ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതി ശക്തമാകുമ്പോഴാണ് പുതിയ പ്രതിഷേധ തന്ത്രങ്ങൾ പ്രതിപക്ഷം പയറ്റുന്നത്.


Views Today : 8
Total views : 44001