മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ പരിഹാസവുമായി സിജെപി നേതാക്കൾ. പ്രതിഷേധം തടയാൻ ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചിടാനുള്ള നീക്കത്തെയാണ് നേതാക്കൾ വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരോഗ്യവും രക്തസമ്മർദവും പരിശോധിക്കണമെന്നും നാളെ കാണാമെന്നും നേതാക്കൾ വീഡിയോയിലൂടെ പരിഹസിച്ചു.
’നമ്മുടെ വിശ്വഗുരുവും 56 ഇഞ്ച് മഹാമാനവനുമായ മോദിജി റെയിൽവേ അടച്ചുപൂട്ടിയിരിക്കുന്നു. കാരണം, നാളെ ഞങ്ങൾ സമരം ചെയ്യാൻ പോകുകയാണ്. മോദിജി, നിങ്ങളുടെ ആരോഗ്യമൊക്കെ ഓക്കെയല്ലേ? കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലല്ലോ? ഇടയ്ക്കിടെ ബ്ലഡ് പ്രഷർ പരിശോധിക്കുന്നത് നല്ലതാണ്. റെയിൽവേ അടച്ചുപൂട്ടിയിരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാഗാന്ധി പോലും ഇത് ചെയ്തിരുന്നില്ല.
ഡൽഹിയിലേക്ക് ജനങ്ങളെത്തുന്നില്ലെന്നാണ് നിങ്ങളുടെ വലതുപക്ഷക്കാർ പറയുന്നത്. എന്നാൽ, നിങ്ങളുടെ പപ്പ പേടിച്ചിട്ട് അവിടെയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. റെയിൽവേയും മെട്രോയും അടച്ചു. സർ, ബിപി ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കൂ. 57 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. കേന്ദ്ര സർക്കാർ ഡൽഹി അടച്ചുപൂട്ടാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കുഴപ്പമില്ല സർ, ഞങ്ങൾ എന്തായാലും നാളെ വരുന്നുണ്ട്. നാളെ കാണാം’ — സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ വീഡിയോയിൽ പറഞ്ഞു.


Views Today : 81
Total views : 44110