ന്യൂഡൽഹി | ഡൽഹിയിലെ ജന്തർമന്ദറിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി ) നടത്തുന്ന പ്രതിഷേധത്തെ മുൻകൂട്ടി കണ്ടാണ് നടപടി
മുൻകൂർ നോട്ടീസ് നൽകിയിട്ടില്ലെന്നും മുൻ പ്രതിഷേധങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. മധ്യ ഡൽഹിയിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി 9 മണി മുതൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി, മണ്ഡി ഹൗസ് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ നാലിനും ഉച്ചയ്ക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട നിരവധി ട്രെയിനുകൾ അതത് കേന്ദ്രങ്ങളിൽ വെച്ച് റദ്ദാക്കിയിട്ടുണ്ട്.
തലസ്ഥാനത്ത് 23,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിഷേധം നേരിടാൻ വിന്യസിച്ചിട്ടുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിന്റെ 221 കമ്പനികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 8 മുതൽ 12 വരെ വിന്യസിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളും ഫേസ് റെക്കോഗ്നേഷൻ സിസ്റ്റങ്ങളും വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്


Views Today : 75
Total views : 44104