ആറ്റിങ്ങൽ/പാലക്കാട്: ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രധാനപ്രതി പാലക്കാട് റെയിൽവേ പോലീസിന്റെ പിടിയിലായി. 21-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആറ്റിങ്ങൽ അയ്യപ്പൻ എന്ന് വിളിക്കുന്ന ബിജുവിനെയാണ് (56) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 31-ന് രാത്രി അയ്യപ്പനും സംഘത്തിലെ മറ്റ് നാല് പേരും ചേർന്ന് ആറ്റിങ്ങൽ ബിവറേജിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് പുലർച്ചെ എ.സി. പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചുവരുത്തുകയും തർക്കമുണ്ടാക്കി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുതനയൂർ സ്വദേശി പ്രഭാകരൻ നായരുടെ പരാതിയിലാണ് ആറ്റിങ്ങൽ പോലീസ് കേസെടുത്തത്. മർദ്ദനത്തിന് ശേഷം ഒളിവിൽ പോയ മറ്റു പ്രതികളായ ഊളൻ ബിനു, കൃഷ്ണപ്രസാദ്, ഗോപൻ, ചിമ്മിനി അനിൽ എന്നിവർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

തുടർന്ന് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച ബിജുവിനെ റെയിൽവേ എസ്.പി. ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ദേഭാരത് എക്സ്പ്രസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ. പ്രവീൺ കെ.ജെ.യുടെ നേതൃത്വത്തിൽ എ.എസ്.ഐ. ജയൻ ജോസഫ്, സി.പി.ഒമാരായ സുനിൽകുമാർ, അബു താഹിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തടഞ്ഞുവെച്ച് പിടികൂടിയത്. അറസ്റ്റിലായ ബിജുവിനെ തുടർനടപടികൾക്കായി ആറ്റിങ്ങൽ പോലീസിന് കൈമാറി.


Views Today : 52
Total views : 44081