ഹൈക്കോടതി ഉത്തരവിന് പിന്നാലെ എ കെ ജി സെന്ററിലെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് പരിശോധിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിൽ ആണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു.
1977 ൽ എ കെ ആൻ്റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതിൽ കൂടുതൽ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികൾ ഉയർന്നതോടെ വിവാദമായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നൽകിയതിന്റെറെ അടിസ്ഥാനത്തിൽ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ഇപ്പോൾ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.
നാളെ രാവിലെ പത്ത് മണിക്ക് എ കെ ജി സെന്ററിലെ ഭൂമി അളക്കുമെന്ന നോട്ടീസ് തിരുവനന്തപുരം തഹസിൽദാർ, സി പി എം സംസ്ഥാന സെക്രട്ടറിക്കും സർവകലാശാല രജിസ്ട്രാർക്കും അയച്ചു. ഭൂമി അളക്കാൻ സർവകലാശാല സിൻഡിക്കേറ്റും അടുത്തിടെ തീരുമാനമെടുത്തിരുന്നു. 1992 ൽ ചെറിയാൻ ഫിലിപ്പിന്റെ പരാതിയിൽ അന്നത്തെ വി സിയായ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി തുടങ്ങിയരുന്നു. എന്നാൽ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉയർന്നതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.


Views Today : 17
Total views : 44010