9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മലപ്പുറം ജില്ലയിൽ വീണ്ടും അഞ്ചാംപനി പടരുന്നു

മലപ്പുറം ∙ ജില്ലയിൽ വീണ്ടും അഞ്ചാംപനി പടരുന്നു. കൂടുതൽ പേർക്ക് അഞ്ചാംപനി കണ്ടെത്തിയ വളവന്നൂർ ആരോഗ്യ ബ്ലോക്കിൽ ഇന്നലെ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഉന്നത സംഘം യോഗം ചേർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. ജില്ലയിൽ ജാഗ്രതാ സന്ദേശം ഉടൻ പുറപ്പെടുവിക്കുമെന്ന് ആരോഗ്യവകുപ്പ്. വിഷയത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ തല ടാസ്ക് ഫോഴ്സിന്റെ യോഗം 21ന് ചേരും.

പെട്ടെന്ന് പടരുന്ന വൈറൽ രോഗമാണിത്. ഈ വർഷം ഇതുവരെ ജില്ലയിൽ 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ നാനൂറിലേറെ പേർക്ക് രോഗം സംശയിക്കുന്നു. ഒരു മരണം അഞ്ചാംപനി മൂലമാണെന്ന് സംശയവുമുണ്ട്. സ്ഥിരീകരിച്ചിട്ടില്ല.

വളവന്നൂർ ആരോഗ്യ ബ്ലോക്കിൽ മാത്രം രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും ഉൾപ്പെടെ 74 പേരാണുള്ളത്. മേഖലയിൽ പ്രത്യേക ബോധവൽക്കരണവും വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.സി.ഷുബിൻ പറഞ്ഞു.

ആതവനാട്, കൽപകഞ്ചേരി തുടങ്ങിയ മേഖലകളിലും അഞ്ചാം പനി പടരുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലും രോഗികളുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 2023ലാണ് ജില്ലയിൽ സമീപകാലത്ത് അഞ്ചാംപനി രൂക്ഷമായത്. 1304 പേർക്കാണ് അന്ന് രോഗം കണ്ടെത്തിയത്.

മരണം കുറവാണെങ്കിലും ആ വർഷം മാത്രം അഞ്ചാംപനി 3 പേരുടെ ജീവനെടുത്തു. അക്കാലത്ത് ബോധവൽക്കരണത്തിലൂടെ വാക്സിനേഷന് കാര്യമായ നടപടിയെടുത്തിരുന്നു. പിന്നീട് ഇപ്പോൾ വീണ്ടും രോഗം രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. വാക്സീനെടുക്കാത്തവർക്കിടയിലാണ് രോഗം കൂടുതൽ കണ്ടെത്തിയതെന്നും ഇത് മേഖലയിൽ പെട്ടെന്ന് പകരാനിടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. മലപ്പുറം ന്യൂസ്‌.

അഞ്ചാം പനി ലക്ഷണങ്ങൾ

∙ പനി, ജലദോഷം, കണ്ണിന് ചുവപ്പ് എന്നിവയോടെ തുടക്കം.

∙ പനി 5 ദിവസം പിന്നിടുമ്പോൾ ദേഹം മുഴുവൻ മണലുപോലെ ചുവന്ന പാടുകൾ പൊന്തും

∙ ഗുരുതരമായാൽ ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയ, തലച്ചോറിനെ ബാധിച്ച് മസ്തിഷ്കജ്വരം എന്നിവയായി മാറാം

∙ മരണം സംഭവിക്കാനും സാധ്യത

പകരുന്ന രീതി

∙ പെട്ടെന്ന് കൂടുതൽ പേരിലേക്ക് പകരാൻ സാധ്യതയുള്ള രോഗം

∙ രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന കണങ്ങളിലൂടെയും വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കം വഴിയും പകരാം

∙ കുട്ടികൾക്കും മുതിർന്നവർക്കും വരാം. അഞ്ചാംപനിക്കെതിരായ 2 ഡോസ് വാക്സീൻ എടുക്കാത്തവരിൽ ഗുരുതരമാകാൻ സാധ്യത

ശ്രദ്ധിക്കേണ്ടത്

∙ അഞ്ചാംപനിയ്ക്കെതിരായ വാക്സീൻ 2 ഡോസ് കൃത്യമായി എടുക്കുക. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യം

∙ ചെറുപ്പത്തിൽ വാക്സീൻ എടുത്തിട്ടില്ലെങ്കിൽ മുതിർന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വഴിയും വാക്സീൻ എടുക്കാം

∙ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്താതിരിക്കുക

∙ രോഗികളുമായും തിരക്കുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ മാസ്ക് ധരിക്കുക

∙ ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles