തൃക്കൈപ്പറ്റ: സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ഉപ്പുപ്പാറയിൽ സഖാവ് ഒ.വി. വിൽസന്റെ വീട്ടുമുറ്റത്ത് നവംബർ ഒന്നിന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച സംഗമം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് സഖാവ് അനുശ്രീ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ സഖാവ് ഒ.വി. വിൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം നീലഗിരി ജില്ലാ സെക്രട്ടറി സഖാവ് ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുടെ കടമകളും അദ്ദേഹം വിശദീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സഖാവ് അനീഷ് കെ. ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് ഫ്രാൻസിസ്, കൽപ്പറ്റ ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് ഹാരിസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാവ് അബ്ദുറഹ്മാൻ, സഖാവ് ബാവാക്ക, മേപ്പാടി ലോക്കൽ സെക്രട്ടറി സഖാവ് സാബു, വയനാട്ടിലെ പാർട്ടിയുടെ മുതിർന്ന നേതാവ് സഖാവ് വി.പി. ശങ്കരൻ നമ്പ്യാർ തുടങ്ങിയ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.പാർട്ടിയുടെ വളർച്ചയ്ക്കായി ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിയ 24 മുതിർന്ന മുൻകാല സഖാക്കളെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ നാടിന് അഭിമാനമായി മാറിയ പ്രതിഭകളെയും സംഗമത്തിൽ അനുമോദിച്ചു. ഇന്റർനാഷണൽ ഷിമ കപ്പ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം നേടിയ അജയ് അങ്ങാടിവയൽ, ക്രിസ്റ്റീന പൗലോസ്, ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വൈഗലക്ഷ്മി നെടുമ്പാല, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി അഹല്യ എന്നിവർക്ക് നേതാക്കൾ മൊമെന്റോകൾ സമ്മാനിച്ചു.തുടർന്ന് പാർട്ടി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് കൂടുതൽ മാറ്റുകൂട്ടി. നൂറുകണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് സ്വാഗതസംഘം കൺവീനർ സഖാവ് മനോജ് കുമാർ നന്ദി പറഞ്ഞു.


Views Today : 8
Total views : 44001