ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; എ1 ഹോട്ടൽ അടപ്പിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന ‘എ1’ ഹോട്ടലിൽ നിന്നും ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഞായറാഴ്ചയോടെ പലർക്കും കഠിനമായ തലവേദന, ഛർദി, വയറിളക്കം തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി ഹോട്ടൽ അടിയന്തരമായി അടപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ, ഹോട്ടലുകളിൽ വ്യാപകമായ പരിശോധന വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.
വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹോട്ടൽ പരിശോധനകൾ കൃത്യമായി നടക്കാറില്ലെന്ന പരാതിയും വ്യാപകമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നുണ്ട്.


Views Today : 89
Total views : 44535