ബന്തിയോട്: അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് കര്‍ശന നടപടി തുടങ്ങി. മണല്‍ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് ടിപ്പര്‍ ലോറികളില്‍ നിന്ന് ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. പിറകോട്ട് ഓടിയ ഒരു ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. രണ്ട് ടിപ്പര്‍ ലോറികള്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു.
ഇന്നലെ രാവിലെ കുമ്പള എസ്.ഐ. എസ്. അനൂപിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് ബന്തിയോട് പച്ചാനി പുഴയില്‍ മണല്‍ പിടികൂടാനെത്തിയത്. പൊലീസിനെ കണ്ട ഉടനെ മണല്‍ നിറച്ച ടിപ്പര്‍ ലോറികള്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പടുകയായിരുന്നു. ഇതിനിടെ ഒരു ടിപ്പര്‍ ലോറി പിറകോട്ട് ഓടി തോട്ടിലേക്ക് മറിഞ്ഞു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു.
രണ്ട് ലോറികള്‍ സ്റ്റേഷനിലെത്തിച്ചു. സര്‍ക്കാര്‍ സ്ഥലത്ത് നിന്ന് മണല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വര്‍ധിച്ചുവരുന്ന അനധികൃത മണല്‍ക്കടത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ. അതുല്‍റാം, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. അനധികൃത മണല്‍ക്കടത്ത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു..


Views Today : 7
Total views : 44548