17.1 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

രണ്ട് കാലങ്ങൾ, രണ്ട് പേരുകൾ: ഭയത്തിൽ നിന്ന് സംവാദത്തിലേക്കുള്ള കേരളത്തിന്റെ യാത്ര

കേരളത്തിന്റെ സമീപകാല മതേതര ചരിത്രം രണ്ട് പേരുകൾ കൊണ്ട് വായിക്കാനാകും.
ഒന്ന് — ടി.ജെ. ജോസഫ്.
മറ്റൊന്ന് — ആരിഫ് ഹുസൈൻ.

ഇവർ രണ്ടുപേരും മതത്തെ ഒരു ‘വിശുദ്ധമായ അകലത്തിൽ’ നിന്ന് താഴെയിറക്കി മനുഷ്യ ബുദ്ധിയുടെ മുന്നിൽ വെച്ചവരാണ്. എന്നാൽ ഇവർ ജീവിച്ച കാലങ്ങൾ തമ്മിലുള്ള വ്യത്യാസം, കേരളം കടന്നുപോയ ഒരു വലിയ മാനസിക–സാമൂഹിക പരിണാമത്തെ വെളിപ്പെടുത്തുന്നു.

2010 ജൂലൈ 4.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ഭയത്തിന്റെ അടയാളം പതിഞ്ഞ ദിവസം. ഒരു ചോദ്യപേപ്പറിന്റെ പേരിൽ, ഒരു അധ്യാപകന്റെ കൈ വെട്ടിമാറ്റപ്പെട്ടു. ടി.ജെ. ജോസഫ് എന്ന മനുഷ്യനോട് നടന്ന ആക്രമണം ശരീരത്തിലേക്ക് മാത്രമല്ലായിരുന്നു; അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അക്കാദമിക് സ്വാതന്ത്ര്യത്തിന്റെയും മേലായിരുന്നു.

അന്ന് മതം ചോദ്യം ചെയ്യപ്പെടുന്നത് ഒരു ബൗദ്ധിക പ്രവർത്തനമായി സമൂഹം വായിച്ചിരുന്നില്ല. അത് പ്രകോപനമായിരുന്നു. വെല്ലുവിളിയായിരുന്നു. അപകടമായിരുന്നു. അക്കാദമിക് പരിസരത്ത്, ഒരു സാഹിത്യഭാഗത്തെ വ്യാകരണപരമായി ഉപയോഗിച്ചതിന് പോലും മതനിന്ദ എന്ന കുറ്റം ചാർത്താൻ സാധിച്ച കാലം. ജോസഫ് മാഷ് ഇവിടെ പ്രതിയാവുന്നത് ഒരു ചോദ്യം ചോദിച്ചതിനല്ല, ചോദ്യം ചോദിക്കാനുള്ള അവകാശം അവകാശപ്പെട്ടതിനാണ്.

അന്നത്തെ സാമൂഹിക ഘടനയിൽ മതവികാരം ഒരു രാഷ്ട്രീയവും സാമൂഹികവുമായ ആയുധമായിരുന്നു. അതിനെ വെല്ലുവിളിച്ചാൽ മറുപടി സംവാദമാകില്ല; ശിക്ഷയായിരിക്കും. കൈവെട്ട് എന്നത് വെറുമൊരു ശാരീരിക അക്രമമല്ലായിരുന്നു. അത് ഒരു പൊതു സന്ദേശമായിരുന്നു: “ഇവിടെ ചില കാര്യങ്ങൾ ചോദിക്കരുത്.”

ആ സന്ദേശം ഫലപ്രദവുമായിരുന്നു.
ഭയം വ്യാപിച്ചു.
സ്ഥാപനങ്ങൾ പിന്തിരിഞ്ഞു.
സമൂഹം മൗനം പാലിച്ചു.

നിയമം പിന്നീട് വന്നെങ്കിലും, അതിനുമുമ്പേ ഒരു കുടുംബം തകർന്നിരുന്നു. ആക്രമണത്തിന് ശേഷം മാത്രമല്ല, സമൂഹത്തിന്റെ ഉപേക്ഷണത്തിലൂടെയും ടി.ജെ. ജോസഫിന്റെ ജീവിതം തകർന്നു. താങ്ങാവേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും മാറിനിന്നു. ഒടുവിൽ, ആ മാനസിക സമ്മർദ്ദത്തിന്റെ ഭാരം സഹിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ സാലോമി ജീവിതം അവസാനിപ്പിച്ചു. അന്ന് കേരളം മതത്തെ സംരക്ഷിച്ചത് വാദങ്ങളാൽ അല്ല, ഭീതിയാലായിരുന്നു.

പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, 2026-ൽ, അതേ കേരളത്തിൽ മറ്റൊരു ചിത്രം കാണാം.

ഇന്ന്, തുറന്ന വേദികളിൽ മതത്തെ നേരിട്ട് ചോദ്യം ചെയ്യുന്ന ആരിഫ് ഹുസൈൻ പോലുള്ളവർ സംസാരിക്കുന്നു, എഴുതുന്നു, ചർച്ച ചെയ്യപ്പെടുന്നു. മതഗ്രന്ഥങ്ങളെ തുറന്ന് വായിച്ച്, ഉദ്ധരിച്ച്, സ്ത്രീ വിരുദ്ധതയെക്കുറിച്ച്, ചരിത്രപരമായ ക്രൂരതയെക്കുറിച്ച്, അധികാരവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഉന്നയിക്കുന്ന വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിക്കുന്നു. ഒരുകാലത്ത് ഉച്ചരിക്കാനാകാത്ത പേരുകൾ പോലും ഇന്ന് ചോദ്യങ്ങളുടെ ഭാഗമാണ്. ഇതര മതസ്ഥർ പോലും മഹോന്നതനായി കണക്കാക്കിയിരുന്നവരെ കുറിച്ച് പോലും തുറന്ന ചോദ്യങ്ങൾ ഉയരുന്നു. അത് കാലത്തിന്റെ സൂചനയാണ്.

ഇത്രയും കടുത്ത വിമർശനം നടക്കുമ്പോഴും, 2010-ൽ ജോസഫ് മാഷ് നേരിട്ട തരത്തിലുള്ള ശാരീരിക അക്രമം ഇന്ന് ആരിഫ് ഹുസൈനെ പോലുള്ളവർക്കെതിരെ ആവർത്തിക്കപ്പെടുന്നില്ല. ഇത് യാദൃശ്ചികമാണോ?

അല്ല.

ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു സാമൂഹിക മാറ്റമാണ്. ആ മാറ്റത്തിന്റെ ഒരു പ്രധാന ഘടകം, ഇത്തരം വിമർശനങ്ങൾ ഇനി പൂർണ്ണമായി കേൾക്കാതെ തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ്.

അതിനർത്ഥം ആരിഫ് ഹുസൈൻ പറയുന്നത് എല്ലാം എല്ലാവരും അംഗീകരിക്കുന്നു എന്നല്ല. പക്ഷേ ‘ അയാൾ പറയുന്നതിലും കുറച്ച് സത്യം ഉണ്ടല്ലോ’ എന്ന ചിന്ത, മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം, മതത്തെ ശക്തമായി പ്രതിരോധിക്കുന്നവരുടെ ഇടയിൽ പോലും ഉദിക്കുന്നു. ആ ബൗദ്ധിക അസ്വസ്ഥതയാണ് നിർണായകം. അതാണ് പ്രതികാര മനോഭാവത്തെ ദുർബലമാക്കുന്നത്.

2010-ൽ ചോദ്യം ചെയ്യപ്പെട്ടത് ഒരു വ്യക്തിയായിരുന്നു.
2026-ൽ ചോദ്യം ചെയ്യപ്പെടുന്നത് ആശയങ്ങളാണ്.

അന്നൊരു ചോദ്യപേപ്പറിലെ കഥാപാത്രത്തിന് നൽകിയ പേര് പോലും സഹിക്കാൻ സമൂഹം തയ്യാറായിരുന്നില്ല. ഇന്ന്, പ്രവാചകനെയേക്കുറിച്ചും മതചരിത്രത്തെക്കുറിച്ചും കടുത്ത ചോദ്യങ്ങൾ ഉയരുമ്പോഴും, അതിന് മറുപടിയായി വരുന്ന പ്രധാന പ്രതികരണം അക്രമമല്ല, മറുപടി പ്രസംഗങ്ങളാണ്. വാദങ്ങളാണ്. ചിലപ്പോൾ നിസ്സംഗതയാണ്.

ഈ മാറ്റത്തിന് പല കാരണങ്ങളുണ്ട്.
ഡിജിറ്റൽ കാലഘട്ടം.
വിവരലഭ്യത.
ലോകമെമ്പാടുമുള്ള ചർച്ചകളുടെ സ്വാധീനം.

എന്നാൽ അതിലൊന്ന്, നിർണായകമായി പറയേണ്ടത് ഇതാണ്: വിമർശനം മുഴുവനായി നിഷേധിക്കാൻ ഇനി ബുദ്ധിമുട്ടായി തുടങ്ങി.

ആരിഫ് ഹുസൈൻ പോലുള്ളവർ ഉന്നയിക്കുന്ന സ്ത്രീ വിരുദ്ധതയുടെ ചോദ്യങ്ങൾ, ചരിത്രപരമായ ക്രൂരതയുടെ രേഖകൾ, ‘അത് എല്ലാം വ്യാജമാണ്’ എന്ന് ഒരൊറ്റ വാചകത്തിൽ തള്ളാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ആ ബൗദ്ധിക അസ്വസ്ഥത, പ്രതികാര മനോഭാവത്തെക്കാൾ ശക്തമായി പ്രവർത്തിക്കുന്നു.

അതാണ്, ഒരർത്ഥത്തിൽ, ടി.ജെ. ജോസഫിന്റെ കാലവും ഇന്നത്തെ കാലവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം.

ജോസഫ് മാഷിന്റെ കാലത്ത്, ചോദ്യങ്ങൾ തന്നെ കുറ്റമായിരുന്നു.
ഇന്ന്, ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുന്നു.

ഇത് മതവിമർശനം വിജയിച്ചു എന്ന പ്രഖ്യാപനമല്ല.
പക്ഷേ, മതത്തിന്റെ പേരിൽ അക്രമം നടത്താനുള്ള നൈതിക ആത്മവിശ്വാസം ക്ഷയിച്ചു എന്നതിന്റെ സൂചനയാണ്.

ഒരു കൈ വെട്ടിമാറ്റിയ കാലം നമ്മൾ പിന്നിട്ടു.
ഇന്ന്, ആശയങ്ങളെ നേരിടേണ്ട കാലത്താണ് സമൂഹം എത്തിനിൽക്കുന്നത്.

അതിന് പിന്നിൽ, ചരിത്രത്തിന്റെ വേദനകളും, അതിജീവനങ്ങളും, നമ്മളിൽ ഓരോരുത്തരും നടത്തുന്ന മത വിമർശനങ്ങൾ കൂടി ഉണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles