ഡല്‍ഹി: വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ പ്രതിഷേധം ശക്തമാക്കി വോട്ടർമാർ. ജന്തർ മന്ദർ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡിലിരുന്ന് ‘ജനകീയ പാർലമെന്റ്’ സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച നേതാവ് പി. സന്തോഷ്, സമരം കൂടുതൽ ശക്തമാക്കുമെന്നും വ്യക്തമാക്കി.
പ്രതിഷേധത്തിന് ക്രാന്തികാരി യുവ സംഘടന (കെവൈഎസ്), എസ്എഫ്ഐ തുടങ്ങിയ സംഘടനകളും ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിനായി ‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലായി 88 നഗരങ്ങളിൽ നവംബർ 1 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര ഡൽഹിയിൽ പോലീസിനെയും ദ്രുതകർമസേനയെയും (ആർഎഎഫ്) വൻതോതിൽ വിന്യസിക്കുകയും പ്രധാന കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് അഞ്ചു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. എസ്ഐആർ നടപടിയിലൂടെ പ്രതിപക്ഷ വോട്ടുകൾ നീക്കം ചെയ്യാനും ജനങ്ങളുടെ വോട്ടവകാശം പരിമിതപ്പെടുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

.


Views Today : 64
Total views : 44093