കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
ബുധനാഴ്ച വൈകിട്ടോടെ ഈ പ്രദേശത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. എസ്റ്റേറ്റിൽ അഴിച്ചുവിട്ടു വളർത്തിയിരുന്ന പശുക്കൾക്കാണ് ഇടിമിന്നലേറ്റത്. പശുക്കൾ കൂട്ടത്തോടെ ചത്തുകിടന്ന സ്ഥലത്തിന് സമീപമുള്ള ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
ചത്ത 12 കന്നുകാലികളിൽ എട്ട് പശുക്കളും നാല് മൂരികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ലിസ്സി മാത്യു എന്ന ക്ഷീരകർഷകയ്ക്ക് മാത്രം എട്ട് പശുക്കളെയാണ് നഷ്ടമായത്.
വ്യാഴാഴ്ച രാവിലെ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയ തോട്ടം തൊഴിലാളികളാണ് പശുക്കളെ ചത്ത നിലയിൽ ആദ്യമായി കണ്ടത്. എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു ഈ പശുക്കൾ.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും പശുക്കൾ ചത്തത് ഇടിമിന്നലേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പശുക്കളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടി.
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നതിനിടയിലാണ് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഈ സംഭവം ഉണ്ടാക്കിയത്.



Views Today : 94
Total views : 44123