16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വളര്‍ന്നത് മുസ് ലിം കുടുംബത്തില്‍; 31 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്

കതിഹാര്‍: എട്ടാം വയസ്സില്‍ കുടുംബത്തില്‍നിന്ന് വേര്‍പെട്ട യുവാവ് 31 വര്‍ഷങ്ങള്‍ക്കുശേഷം മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചു. പശ്ചിമ ബംഗാളിലെ മുസ്ലിം കുടുംബത്തില്‍ വളര്‍ന്ന ഹിന്ദു യുവാവായ പിന്റു യാദവാണ് അബ്ദുല്‍ ജബ്ബാര്‍ എന്ന പേരില്‍ ജീവിച്ചശേഷം സ്വന്തം കുടുംബത്തെ കണ്ടെത്തിയത്. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ മനിഹാരി ബ്ലോക്കിലുള്ള കാന്തകോശ് ഗ്രാമത്തിലാണ് വൈകാരികമായ പുനസമാഗമം നടന്നത്. 1995ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്റു യാദവ് കുടുംബത്തില്‍നിന്ന് വേര്‍പെട്ടത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ഇയാളുടെ സുഹൃത്തുക്കള്‍ നിശ്ചിത സ്റ്റേഷനില്‍ ഇറങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍നിന്ന് ഏറെ അകലെയുള്ള പശ്ചിമ ബംഗാളിലെ രാധികാപൂര്‍ മേഖലയിലായിരുന്നു എട്ടുവയസ്സുകാരന്‍. സ്വന്തം വീട്ടിലേക്കുള്ള വഴി അറിയാതിരുന്ന കുട്ടിക്ക് കുടുംബത്തെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഹരികൃഷ്ണപൂരിലെ അബ്ദുല്‍ റഹീം എന്നയാള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. സംരക്ഷണം നല്‍കുകയും സ്വന്തം കുടുംബാംഗത്തെപ്പോലെ വളര്‍ത്തുകയും ചെയ്ത അദ്ദേഹം കുട്ടിക്ക് അബ്ദുല്‍ ജബ്ബാര്‍ എന്ന് പേരിട്ടു. പശ്ചിമ ബംഗാളില്‍ വളര്‍ന്ന ജബ്ബാര്‍ പിന്നീട് കാലിയാചക് സ്വദേശിനിയായ മുതൈന ഖാത്തൂനെ വിവാഹം ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ബിഹാറിലെ കാന്തകോശില്‍ മാതാപിതാക്കളായ മോട്ടിലാല്‍ യാദവും മീനാദേവിയും മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വര്‍ഷങ്ങളോളം കാത്തിരുന്നു. തൊഴിലിനായി ഡല്‍ഹിയിലെത്തിയ ജബ്ബാര്‍ അവിടെ മനിഹാരി സ്വദേശികളായ ചിലരുമായി സൗഹൃദത്തിലായി. തന്റെ ജന്മനാട് ഗംഗാനദിക്ക് സമീപമാണെന്നും പിതാവിന്റെ പേര് മോട്ടിലാല്‍ യാദവ് എന്നാണെന്നും ഗ്രാമം മനിഹാരി മേഖലയിലാണെന്നും അദ്ദേഹം അവരോട് പറഞ്ഞു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ അന്വേഷണം കാന്തകോശ് ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. ഇതിനുമുമ്പ് രണ്ടുതവണ കാന്തകോശിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും കുടുംബത്തെ കണ്ടെത്താനായിരുന്നില്ല. ഇത്തവണ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ജബ്ബാര്‍ എത്തിയത്. കാന്തകോശിലെത്തിയ ജബ്ബാറിന് നാട്ടുകാര്‍ കുടുംബത്തെ കണ്ടെത്താന്‍ സഹായം നല്‍കി. വര്‍ഷങ്ങള്‍ക്കുശേഷം മുന്നിലെത്തിയ ആളെ കണ്ടപ്പോള്‍ മാതാവ് മീനാദേവി വികാരാധീനയായെങ്കിലും, ബാല്യത്തില്‍ അവസാനമായി കണ്ട മകനെ തിരിച്ചറിയാന്‍ ആദ്യം പ്രയാസപ്പെട്ടു. എന്നാല്‍ കണ്ണിന് മുകളിലുണ്ടായിരുന്ന പഴയ മുറിപ്പാടും ശരീരത്തിലെ മറ്റ് അടയാളങ്ങളും കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരങ്ങളും തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ സഹായിച്ചു. മാതാപിതാക്കളായ മോട്ടിലാല്‍ യാദവിനെയും മീനാദേവിയെയും കണ്ടെത്തിയതോടെ, തന്നെ വളര്‍ത്തിയ കുടുംബത്തെയും ജന്മകുടുംബത്തെയും ഒരുപോലെ ചേര്‍ത്തുപിടിക്കാനാണ് ജബ്ബാറിന്റെ ആഗ്രഹം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles